Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രതിഭയ്ക്കെതിരായ പരാമർശം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇർഷാദിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളും പി.കെ. ശ്രീമതി തെളിവായി കമ്മീഷന് നൽകി. ഇയാളെ പ്രചാരണത്തിൽനിന്നു വിലക്കണമെന്നാണ് ആവശ്യം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ നിർദേശം നൽകണമെന്നും ശ്രീമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസ്താവനയിൽ ഇർഷാദിനെതിരെ യുഡിഎഫും മുസ്ലിം ലീഗും സംഘടനാ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്ന് യുഡിഎഫ് നീക്കിയപ്പോൾ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്തു.
Kerala
ആലപ്പുഴ: സ്ത്രീവിരുദ്ധ പരാമര്ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും യുഡിഎഫ് നേതാവ് ഇര്ഷാദ് ചക്കാലശേരി. കായംകുളത്തെ എൽഡിഎഫ് സ്ഥാനാര്ഥി യു. പ്രതിഭയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്ശത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ പരാമര്ശം ആര്ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്ഷാദ് വ്യക്തമാക്കി.
അതേസമയം യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന് അപമാനിക്കുന്ന പരാമര്ശമാണ് നടത്തിയതെന്ന് പ്രതിഭ പ്രതികരിച്ചു. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു. പ്രതിഭ അറിയിച്ചു.
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയുടെ വിവാദ പരാമർശം. കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിലായിരുന്നു ഇർഷാദിന്റെ പരാമർശം.
ഇതിനിടെ യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശമാണെന്നും രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. കട ഉദ്ഘാടനങ്ങള്ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും പ്രതിഭ പറഞ്ഞു.
കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 വാർഷിക ആഘോഷത്തിന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു പ്രതിഭ. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു.
ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും പ്രതിഭ പറഞ്ഞു.
തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന് ഒരാള് തീരുമാനിച്ചാല് ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതിയെന്നും പ്രതിഭ പറഞ്ഞു.